Sunday, October 28, 2012

ഓഫീസിന് പുറത്ത് മഴ തകർത്ത് പെയ്യുകയാണ്. തുള്ളിക്കൊരു കുടം കണക്കെ തുലാമഴ മണ്ണിലേയ്ക്ക് പെയ്തിറങ്ങുന്നു. ഓരോ മഴനാരുകളും ഭൂമിയുടെ ഹൃദയത്തെ തണുപ്പിക്കാനായി ആഴത്തിൽ വേരിറക്കുന്നു. കൂടെ എന്റെ ഹൃദയവും തണുക്കുകയാണ്. കുട്ടിക്കാലത്ത് ആലിപ്പഴം പെറുക്കാൻ മുറ്റത്തിറങ്ങിയതിന് അമ്മ അടിച്ചതും കോളേജിൽ കൂട്ടുകാരൊത്ത് മഴ നനഞ്ഞ് നടന്നതും ഓർമ്മ വരുന്നു. മഴയൊരു കാഴ്ചയാണ്, വികാരമാണ്, അനുഭൂതിയാണ്. അത് അനുഭവിക്കണം. എല്ലാവർക്കും നല്ലൊരു മഴരാത്രി നേരുന്നു..........

Wednesday, September 26, 2012

"പണമല്ല സുരക്ഷയാണ് പ്രധാനം"
കൂടംകുളം ആണവനിലയത്തെ സംബന്ധിച്ച് സുപ്രീം കോടതി ഇന്ന്  ഒരു പ്രധാന പരാമര്‍ശം നടത്തിയിരിക്കുന്നു . എത്ര പണം ചെലവാക്കി എന്നതല്ല കൂടംകുളത്തെ ജനങ്ങളുടെ സുരക്ഷക്കാണ് പ്രാധാന്യം എന്നതാണ് ഉന്നത നീതി പീഠത്തിന്റെ പരാമര്‍ശം. ജനങളുടെ ജീവന് ഭീഷണിയാണെങ്കില്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനം നിര്തിവെയ്ക്കണമെന്നും കോടതി നിരീക്ഷിച്ചു. ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ ഇല്ലാതെ ആരംഭിച്ച ജനകീയ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് സുപ്രീം കോടതിയുടെ ഈ ഇടപെടല്‍ . കൂടംകുളത്തെ എന്റെ സഹോദരങ്ങളെ അഭിവാദ്യങ്ങള്‍ .
"പ്രണയമില്ലാതായ നാള്‍ സകലതും
തിരികെയേല്‍പ്പിച്ചു  പിന്മടങ്ങുന്നു ഞാന്‍
തിരയഗാധങ്ങളില്‍നിന്നു ചിപ്പികള്‍
കരയില്‍വെച്ചു  മടങ്ങുന്ന മാതിരി"
                       റഫീക്ക് അഹമ്മദ്  - (പ്രണയമില്ലാതായ നാള്‍)

Saturday, September 15, 2012

"എന്നാല്‍ പുതിയ പലരും വന്നു ഭൂമിയെ ഒരു ഉത്പന്നമാക്കി.അതിനെപ്രതി വൃത്തികെട്ട വ്യവഹാരങ്ങള്‍ നടത്തി.അതിനെ അന്യായമായ ചൂതാട്ടങ്ങളുടെ ഉപകരണമാക്കി.അതില്‍ ഒരു തൈപോലും നടുകയോ അത് ജീവജാലങ്ങളുടെ നിലനില്‍പ്പിനുള്ള ഇടമായി കരുതുകയോ ചെയ്തില്ല.ഭൂമി എന്തിനെയെല്ലാം പ്രതിനിധാനം ചെയ്യുന്നുവോ അവയെല്ലാം വിട്ട് അതവര്‍ക്ക് വെറും പ്ലോട്ടുകള്‍ മാത്രമായി.ഈശ്വരന്‍ എല്ലാവര്‍ക്കുമായി സൃഷ്ട്ടിച്ച ഭൂമിയെ അവര്‍ അത്യാഗ്രഹങ്ങളുടെ വിളനിലമാക്കി".
                                       കഥ-' മായന്റെ മരണങ്ങള്‍ ' (ഇന്ദുചൂടന്‍ കിഴക്കേടം) 

Tuesday, September 11, 2012

"ഇനിയുള്ള കാലങ്ങള്‍ ഇതിലേ കടക്കുമ്പോള്‍ ഇതുകൂടി ഒന്നോര്തു പോകും
എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും വിറയാത്ത താരവും വന്നാല്‍
അലറാത്ത കടല്‍ മഞ്ഞിലുറയാത്ത മല കാറ്റിലുലയാത്ത മാമരം കണ്ടാല്‍
അവിടെന്‍ പരാജയം പണിചെയ്യ്ത സ്മാരകം നിവരട്ടെ നില്‍ക്കട്ടെ സന്ധ്യേ....."
           കവിയും അദ്ധ്യാപകനും വിമര്‍ശകനും ഭാഷാപണ്ഡിതനും സാഹിത്യ സൈദ്ധാന്തികനുമായിരുന്ന കെ.അയ്യപ്പപണിക്കരുടെ ജന്മദിനമാണിന്ന് .

Sunday, September 9, 2012

ഭാംഗിന്റെയും ചരസിന്റെയും ലഹരി വായനയിലൂടെ എന്നില്‍ നിറച്ച പ്രിയപ്പെട്ട എഴുത്തുകാരന്‍ എം. മുകുന്ദന് ഇന്ന് എഴുപതു വയസ്സ് തികയുന്നു. മയ്യഴിയുടെ പ്രിയപ്പെട്ട കഥാകാരാ എന്റെ ജന്മദിനാശംസകള്‍ .
ഇന്ന് മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ ഒരു പരുപാടിയുടെ പരസ്യം കണ്ടു. ഒരു കൊച്ചു പെണ്‍കുട്ടി ചോദിക്കുന്നു "വി.എസ്.അപ്പൂപ്പാ എന്നെ ഓര്‍മ്മയുണ്ടോ? കുറച്ചു കാലം മുന്‍പ് കേരളത്തില്‍ പീഡനത്തിനിരയായി മരിച്ച ഒരു പെണ്‍കുട്ടിയുടെ മകളാണ് ചോദ്യം ചോദിക്കുന്നത്. ചാനല്‍ റേറ്റിംഗ് കൂട്ടാന്‍ പരസ്യത്തിന്റെ പേരില്‍ ഇത്രമാത്രം ഹൃദയശൂന്യത കാണിക്കാമോ? സത്യത്തില്‍ നമ്മുടെ സമൂഹത്തിലെ തെറ്റിന്റെ  ഇരകളല്ലേ ആ പെണ്‍കുട്ടിയും അവളുടെ കുടുംബവും? അവളുടെ മാതാപിതാക്കള്‍ കോടതിയില്‍ എത്തുന്നത്‌ ലൈവായി ചാനലുകള്‍ പ്രക്ഷേപണം ചെയ്യുന്നത് ശരിയാണോ? ഒരു നിമിഷം ഈ കൊച്ചിനെ നമ്മളുടെ സഹോദരിയുടെ മകളായി ആലോചിച്ചു നോക്കൂ. 

Saturday, September 8, 2012

സാമൂഹിക പ്രശ്നങ്ങള്‍ സംവദിക്കാനും ചര്ച്ചചെയ്യനുമുള്ള മാധ്യമമാണ്  സിനിമ. പശ്ചിമഘട്ടത്തെ ദളിത് -ആദിവാസി വിഭാഗങ്ങളുടെ അവസ്ഥകള്‍ സെല്ലുലോയിടില്‍ പകര്‍ത്തിയ ചിത്രമാണ്‌  ജയന്‍ ചെറിയാന്റെ 'പാപ്പിലിയോ ബുദ്ധ'. ഗാന്ധിയെ വിമര്‍ശിക്കുന്നു എന്നതിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുകയാണ്. എന്താ ഗാന്ധിജി വിമര്‍ശനാതീതനാണോ? ഗാന്ധി മാത്രമല്ല മാക്സും മാവോയും ഹെട്ഗേവറും  ചാരുമജുംദറും വിമര്ശിക്കപ്പെടെണ്ടേ? സിനിമ പറയുന്ന വിഷയങ്ങളില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്തുന്നതിന് പകരം പ്രദര്‍ശനം തടയുന്നത് ഫാസിസിറ്റ്  നടപടിയല്ലേ?

Wednesday, August 22, 2012

'മനോവിഭ്രാന്തിയുള്ള ചെറുപ്പക്കാരന്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഭീഷണിയാകുന്നു'. കഴിഞ്ഞ ദിവസം ഒരു പ്രധാന പത്രത്തില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ടാണിത് . ഒരു രോഗമുള്ള ചെറുപ്പക്കാരനെ  ഇതിനപ്പുറം  എങ്ങനെ ക്രൂരമായി ശിക്ഷിക്കാന്‍ കഴിയും . ഇതു എഴുതിയ മാധ്യമപ്രവര്‍ത്തകനെ നാം എന്ത് വിളിക്കണം? ഇത് പ്രസിദ്ധീകരിച്ച പത്രം എന്ത് മാധ്യമധര്‍മ്മമാണ്  കാത്തുസൂക്ഷിക്കുന്നത് ? മാധ്യമവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തില്‍ എന്തും ഏതും വാര്‍ത്തയാണ് .പക്ഷെ അതിനു പിന്നിലെ ഇരകളെ നാം കാണാതെ പോകരുത് .

Wednesday, August 15, 2012

ഞാന്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു - അവകാശ പോരാട്ടത്തിനായി നേഴ്സുമാര്‍  ആത്മഹത്യക്കൊരുങ്ങി നില്‍ക്കുന്ന ടെറസില്‍ നിന്ന് 
ഞാന്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു - മാനസിക പ്രശ്നമുള്ള ഒരു ചെറുപ്പക്കാരനെ മര്‍ദ്ദിച്ചു കൊന്ന ജയിലറയില്‍ നിന്ന് ...
ഞാന്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു - മാനസിക പീഡനം മൂലം ഒരു പട്ടാളക്കാരന്‍ ആത്മഹത്യ (കൊല ) ചെയ്ത ക്യാമ്പില്‍ നിന്ന് ..
ഞാന്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു - രക്തം തളംകെട്ടി നില്‍ക്കുന്ന ആസാം കലാപഭൂമിയില്‍ നിന്ന് ...
ഞാന്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു - ഒറ്റക്കയ്യനാല്‍ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്ന തീവണ്ടിയില്‍ നിന്ന് ...


Sunday, July 29, 2012

കടുംചായക്കൂട്ടുകളിലൂടെ പ്രണയവും കാമവും പകയും  അഭ്രപാളികളില്‍ വിരിയിച്ച ഭരതന്‍ നമ്മെ വിട്ടുപോയിട്ട് ഇന്ന് 14 വര്ഷം തികയുന്നു . ഭരതന്‍ സിനിമകളിലെ ഗാനരംഗങ്ങളുടെ സൗന്ദര്യം ആരേയും ആകര്‍ഷിക്കുന്നതാണ് . `അമരം' സിനിമയിലെ  `വികാര നൌകയുമായി ' എന്ന ഗാനത്തില്‍ മമ്മൂട്ടി   മണല്‍ത്തരികളെ നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന ഒരു  രംഗം മതി അത് മനസിലാകാന്‍ . ചേര്‍ത്തു പിടിക്കുമ്പോഴും കൈക്കുള്ളില്‍നിന്നും എല്ലാം ഒളിച്ചു പോകുന്ന ആ രംഗം  എത്ര മനോഹരമായും അര്‍ഥവത്തായുമാണ്‌ ചിത്രീകരിച്ചിരിക്കുന്നത് . സംവിധായകനും ,ചിത്രകാരനും ശില്‍പ്പിയും പാട്ടെഴുത്ത്കാരനും സംഗീത  സംവിധായകനും പോസ്റ്റര്‍ ഡിസൈനറും എഡിറ്ററും ഒക്കെയായ ബഹുമുഖ പ്രതിഭയ്ക്ക് പ്രണാമം.

Friday, July 27, 2012

"സ്നേഹിക്കുന്ന സ്‌ത്രീയുടെ മേല്‍ച്ചുണ്ട്  വിയര്ത്തിരിക്കും. അവള്‍ മുടിയില്‍ വൃഥാ വിരലോടിച്ചുകൊണ്ടിരിക്കും. അവളുടെ ജാക്കറ്റിന്റെ കക്ഷങ്ങള്‍ നനഞ്ഞിരിക്കും. അവള്‍ തളര്ന്നവളെപോലെ കൊട്ടുവായിടുന്നതും കാണാം".
                                                                                        എന്നെന്നും താര(മാധവിക്കുട്ടി )

Saturday, May 26, 2012

ക്ലാസ്സിക്കുകള്‍ അങ്ങനെയാണ് .ഓരോ കാലവും, അതിന്റെ പുനര്‍വായന ആവശ്യപ്പെടും .മലയാള നോവല്‍ ചരിത്രത്തെ മാറ്റി എഴുതിയ "ഖസാക്കിന്റെ ഇതിഹാസ"ത്തിനെ ആസ്പദമാക്കി കെ.പി.നിര്‍മല്‍ കുമാര്‍ എഴുതിയ കഥയാണ് "പുളിങ്കോമ്പത്തെ പോതി ".രവി തന്റെ ഖസാക്ക് ജീവിതത്തിനിടയില്‍ രേഖപ്പെടുത്തുന്ന പഴയകാല ഓര്‍മ്മകള്‍ ആയ ചിറ്റ,പത്മ ,സായന്തന യാത്രകളുടെ അച്ഛന്‍ തുടങ്ങിയവരെ ഖസാക്കിലെ മതേതര ചാരിത്ര്യവതികളുടെ ദേവതയായ പുളിങ്കോമ്പത്തെ പോതി യുടെ മുന്നില്‍ എത്തിക്കുന്നു..ഇതിഹാസകാരന്‍ മൗനം ഭജിച്ച വെട്ടു വഴികളിലൂടെ ചിതലിമല കടന്നു  ഖസാക്കിലേക്ക് ഒരു യാത്ര.................

Friday, May 11, 2012

മുന്‍ എം.എല്‍ .എ.സൈമണ്‍ ബ്രിട്ടോയെ കുറിച്ചുള്ള ഒരു സ്റ്റോറി ചാനലില്‍ കണ്ടു.തുടര്‍ച്ചയായി ഉണ്ടാകുന്ന ശാരീരിക പ്രയാസങ്ങള്‍ക്ക് പരിഹാരമായി ഡോക്ട്ര്‍മാര് നിര്‍ദ്ദേശിച്ച പ്രകാരം ഒരു കാര്‍ഷിക ഗ്രാമത്തില്‍ താമസിക്കുകയാണ് അദ്ദേഹം.ശുദ്ധ വായു ,ശുദ്ധ ജലം ,ശുദ്ധ ഭക്ഷണം എന്നിവയാണ് ഡോക്ട്ര്‍മാര് രോഗശമനത്തിനായി നിര്‍ദ്ദേശിച്ചതു.അത് കേട്ടപ്പോള്‍ സാറാ ജോസഫിന്റെ "ആതി "യിലെ കായലിനെ ഓര്മ വന്നു.നഗരം നല്‍കിയ മുറിവുകളെ ഇല്ലാതാക്കാന്‍ ആതിയിലെ ജലത്തെ തേടിവന്ന കായല്‍ എന്ന പെണ്‍കുട്ടി.കായലിനെ പോലെ അദ്ദേഹത്തിനും സുഖം പ്രാപിക്കട്ടെ.അതിനുശേഷം കാണിച്ച ന്യൂസ്‌ ഇതിനോടപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.കൊല്ലം മണ്‍റോ തുരുത്തിലെ കുടിവെള്ളം ഇല്ലാതെ കഷ്ടപ്പെടുന്ന ആയിരക്കണക്കിന് ജനങ്ങളുടെ അവസ്ഥ.ഇനിയൊരു തലമുറയുടെ അതിജീവനത്തിനായി ആതിയെ പോലുള്ള തുരുത്തുകള്‍ ഇനിയുള്ള കാലം ഉണ്ടാകുമോ?

Tuesday, May 8, 2012

ഈ ലക്കത്തെ 'മാതൃഭൂമി' ആഴ്ചപ്പതിപ്പില്‍ സക്കറിയയുടെ 'ഒരു കുരുവി വസന്തകാലത്തെ ഉണ്ടാക്കുന്നില്ല' എന്ന ലേഖനം വായിച്ചു.മാധ്യമങ്ങള്‍ക്കു മലയാളികളോട് കൂറില്ലാതായി തീര്‍ന്നതിനെക്കുറിച്ചാണ് ലേഖനം സംസാരിക്കുന്നതു.മാധ്യമപ്രവര്‍ത്തനതിനു സംഭവിച്ച തകര്ച്ചയെക്കുരിച്ചും ലേഖനം പറയുന്നു.ഇന്ന് ഉച്ചക്ക് പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനം ഒരു ചാനലില്‍ ഞാന്‍ കണ്ടു.അതിനിടയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യം ഇങ്ങനെയാണ് ."ടി.പി.ചന്ദ്രശേഖരന്‍ പാര്‍ട്ടിക്കു ഇന്നും കുലംകുത്തിയാണോ" ? എന്ന്.മരിച്ചുപോയ അദ്ദേഹം ഇപ്പോഴും കുലംകുത്തിയാണോ എന്ന് ചോദിക്കുന്ന മാധ്യമപ്രവര്‍ത്തനം മലയാളികളോട് കൂറില്ലാത്തത് തന്നെയല്ലേ.........?

Saturday, May 5, 2012

"സ്നേഹം ചുവപ്പായി പച്ചയായി കാവിയായി 
മാതൃ ഗര്‍ഭങ്ങള്‍ പിളര്ക്കുന്നിടങ്ങളില്‍ 
ചുടുചോര നിലവിളിച്ചമരുന്നിലങ്ങളില്‍ 
തനിയെ നടക്കുന്നു ഗാന്ധി "
           ഗാന്ധി(മധുസൂദനന്‍ നായര്‍)

Saturday, April 28, 2012

ഒരു നാടിന്റെ ദൈന്യം അറിയണമെങ്കില്‍ അവിടുത്തെ കുഞ്ഞുങ്ങളുടെ കണ്ണിലേക്കു നോക്കിയാല്‍ മതി 

Friday, April 27, 2012

ഈ മണ്ണില്‍ ഞാനൊരു വാക്ക് കുഴിച്ചിടും.വിത്ത്പോലെ അത് പൊട്ടി മുളക്കും.കാറ്റുപോലെ അത് വളരും.യഥാകാലം അത് പൂക്കുകയും കായ്ക്കുകയും ചെയ്യും.കായ്‌ പഴമാവും കാലം പഴം തിന്നാന്‍ കുട്ടികള്‍ ഓടിയെത്തും.കാരണം പഴത്തിന്റെ അവകാശികള്‍ അവരാകുന്നു.
               -ആതി(സാറാ ജോസഫ് )

Wednesday, April 25, 2012


 ചെര്‍ണോബില്‍  ദുരന്തം നടന്നിട്ട് ഇന്ന് 26 വര്ഷം
ആയിരക്കണക്കിന് ആള്‍ക്കാരുടെ മരണത്തിനു ഇടയാക്കുകയും യുദ്ധങ്ങള്‍ അല്ല ദുരന്തങ്ങളാണ്

ആധുനിക ലോകത്തിനു ഭീഷണി എന്ന് തെളിയിക്കുകയും ചെയ്യ്ത ചെര്‍ണോബില്‍ ആണവ ദുരന്തം നടന്നിട്ട് ഇന്ന് 26 വര്ഷം തികയുന്നു.കൂടംകുളം നിലയം ഉടന്‍ പ്രവര്‍ത്തനം തുടങ്ങും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സ്ഥിതിക്ക് അവിടെയുള്ള ജനങ്ങളുടെ ഭയം അകറ്റാനും സര്‍ക്കാരിനു കടമയുണ്ട്. 

 


Tuesday, April 24, 2012

അപരാധം 
ആഷിക് അബു സംവിധാനം ചെയ്യ്ത "22 ഫീ മെയില്‍ കോട്ടയം" എന്ന സിനിമ കണ്ടു.നല്ല സിനിമ.പക്ഷേ നേഴ്സുമാരുടെ കഥ പറഞ്ഞ ഈ ചിത്രത്തില്‍ അറിഞ്ഞുകൊണ്ടോ അറിയാതയോ വലിയൊരു അപരാധം സംവിധായകന്‍ ചെയ്യ്തു.ബീന ബേബി എന്ന മലയാളി പെണ്‍കുട്ടിയുടെ ആത്മഹത്യയോടെ കേരളത്തിലും ഇന്ത്യയിലും അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ആയിരക്കണക്കിന് നേഴ്സുമാരെ സിനിമ മറന്നു പോയി.ഒരു വാക്കുകൊണ്ട് പോലും ഈ        ""വെള്ള വസന്തത്തെ""പരാമര്ശിക്കാതിരുന്നത് അംഗീകരിക്കാന്‍ കഴിയാത്ത തെറ്റ് തന്നെയാണ് .....
ഇപ്പോള്‍ ഞാന്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം സാറാ ജോസഫിന്റെ "ആതി" യാണ് .ഓരോ താളുകള്‍ മറിയുമ്പോഴും എന്റെ പേടി  കൂടിവരുന്നു.ഈ ഫോട്ടോ അതിന്റെ കനം കൂട്ടുന്നു.
ഇന്ന് രാവിലെ ഞാനും എനിക്ക് ഏറ്റവും അടുപ്പമുള്ള ഒരാളും കൂടി ആറ്റുകാല്‍ അമ്പലത്തില്‍ പോയി.കുറച്ചു കഴിഞ്ഞു  എന്റെ സുഹൃത്ത്‌ വിഷ്ണു(മന്ത്രം)വന്നു.നമ്മള്‍ മൂന്ന് പേരും കൂടി തൊഴാന്‍ കയറി.അമ്പലങ്ങളിലും പള്ളികളിലും ചങ്ങലക്കിട്ട ദൈവങ്ങളില്‍ വിശ്വാസം ഇല്ലെങ്കിലും പ്രാര്‍ഥിച്ചു.കുറച്ചു കഴിഞ്ഞ് അടുത്തുള്ള ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി.ചൂട് ചായ കുടിച്ചുകൊണ്ടിരിക്കെ ഏതോ എഫ് .എം.-ല്‍ നമ്മളോടൊപ്പം കോളേജില്‍ പഠിച്ച സൂരജിന്റെ പാട്ട് കേട്ടു.ഒരുപാടു സന്തോഷം തോന്നി.സൂരജിനെ വിളിച്ചു.അവന്‍ ചെന്നൈയില്‍ ആണ്.നല്ല ദിവസം.

Friday, March 30, 2012

"മീനച്ചൂടില്‍ വിഷമിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഇതാ പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ഇട്ട സംഭാരം"

Thursday, March 29, 2012

"സായാഹ്ന യാത്രകളുടെ അച്ഛാ,വിട തരുക.മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്തു തുന്നിയ ഈ പുനര്‍ജ്ജനിയുടെ കൂടുവിട്ട് ഞാന്‍ വീണ്ടും യാത്രയാണ്‌ ..........." ഇതിഹാസ ഭൂമികകളിലേക്ക് വായനക്കാരെ കൈപിടിച്ച് നടത്തിയ ഒ.വി.വിജയന്‍ യാത്രയായിട്ട് ഇന്ന് ഏഴു വര്‍ഷം.

Saturday, March 24, 2012

"നിന്നില്‍ നിലച്ചുപോയ ഹൃദയത്തുടിപ്പുകള്‍ നെഞ്ചില്‍ ഏറ്റുവാങ്ങിയ ഒരു തലമുറ ഇവിടെയുണ്ട്. ആയിരം പെരുമ്പറകള്‍ മുഴങ്ങുന്ന ശബ്ദത്തോടെ അവ ഉയര്‍ന്നു കേള്‍ക്കും.ആ മുഴക്കത്തില്‍ ഈ നാട്ടിലെ മനുഷ്യരക്തം കുടിക്കുന്ന ചെന്നായിക്കള്‍ പരക്കം പായും.വാരിക്കുഴികളില്‍ വീഴുന്ന അവയുടെ നെഞ്ചിലേക്ക് പ്രതികാരത്തിന്റെ വാള്‍മുനകള്‍ ആഴ്ന്നിറങ്ങും.അവയുടെ നിലവിളികള്‍ ഈ അന്തരീക്ഷത്തില്‍ പ്രകമ്പനം കൊള്ളും.അവയെല്ലാം ആ കുഴികളില്‍ മൂടപ്പെടും.അതിനു മുകളില്‍ നാളെയുടെ സ്നേഹത്തിന്റെ പ്രത്യാശയുടെ കണിക്കൊന്നകള്‍ വിരിയും.അതില്‍ ഒരു കൊന്നപ്പൂവ്, സഹോദരി നീ ആയിരിക്കും..........."  

Monday, March 19, 2012

" വഴിയരികില്‍ ഈ പുഴ്പചക്രം
പേരില്ലാത്തത് ഇത് നിനക്കാണ്
സ്വന്തമായി ഒരു ശവക്കുഴിയില്ലാത്തവന്
നിന്നെ പുണരുന്ന മണ്ണ് ഏതെന്ന് 
കണ്ടെത്താത്തതിനാല്‍
ഈ പുഴ്പചക്രം വഴിയോരത്ത് സമര്‍പ്പിക്കുന്നു 
എന്നോട് ക്ഷമിക്കു  
എന്നോട് ക്ഷമിക്കു  

വഴിയോരത്ത് നിനക്ക്
സ്മാരകം ഉയര്‍ത്തിയതിനു"
(ശ്രീലങ്കയില്‍ യുദ്ധത്തിനിടെ കാണാതായവര്‍ക്ക് വേണ്ടിയുള്ള 
സ്മാരകത്തിലുള്ള ബേസില്‍ ഫെര്‍ണാണ്ടോ എന്ന കവിയുടെ വരികള്‍ )
ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്നൊ-
രില തന്റെ ചില്ലയോടോതി
ഒരില കൊഴിയാതെയിപ്പോഴും ബാക്കിയെ-
ന്നൊരു ചില്ല കാറ്റിനോടോതി
ഒരു ചില്ല കാറ്റില്‍ കുലുങ്ങാതെ നില്പുണ്ടെ-
ന്നൊരു മരം പക്ഷിയോടോതി
ഒരു മരം വെട്ടാതെയൊരു കോണില്‍ കാണുമെ-
ന്നൊരു കാടു ഭൂമിയോടോതി
ഒരു സൂര്യനിനിയും ബാക്കിയുണ്ടെന്നൊരു
മല സ്വന്തം സൂര്യനോടോതി
ഒരു സൂര്യനിനിയും കെടാതെയുണ്ടെന്നു ഞാന്‍
പടരുന്ന രാത്രിയോടോതി
അതുകേട്ട് ഭൂമിതന്‍ പീഡിതരൊക്കെയും
പുലരിയോടോപ്പമുണര്‍ന്നു
അവരുണര്ന്നപ്പോഴേ പുഴകള്‍ പാടി,വീണ്ടും
തളിരിട്ടു കരുണയും കാടും
പുതുസൂര്യന്‍ മഞ്ഞിന്റെ തംബുരു മീട്ടി, ഹാ,
പുതുതായി വാക്കും മനസ്സും.

ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്നൊ-
രില തന്റെ ചില്ലയോടോതി........

Thursday, March 15, 2012

"ചെറിയ  മനുഷ്യരും  വലിയ  ലോകവും " എന്ന കാര്‍ട്ടൂണ്‍ സ്ട്രിപ്പിലൂടെ മലയാളികളെ ചിന്തിപ്പിച്ച ജി.അരവിന്ദന്‍ ." ഉത്തരായനം"  മുതല്‍  "വാസ്തുഹാര " വരെ ഒന്‍പതു ചലച്ചിത്ര വിസ്മയങ്ങള്‍ തീര്‍ത്ത അരവിന്ദന്‍ .അതില്‍ "തമ്പ്"   ലോക സിനിമയില്‍ തന്നെ എടുത്തുപറയത്തക്ക ഒന്നാണ് .കാഴ്ചയുടെ പുതിയ മാനങ്ങളെ നമുക്ക് കാണിച്ചു തന്ന ആ മൗലിക പ്രതിഭ അന്തരിച്ചിട്ട് ഇന്ന് പതിനൊന്നു വര്ഷം തികയുന്നു

Thursday, March 8, 2012

"അകലെ സമുദ്രത്തില്‍ ഒരു വലിയ കണ്ണീര്‍ത്തുള്ളിപോലെ കാണാവുന്ന വെള്ളിയാങ്കല്ല് .അവിടെനിന്നാണ് എല്ലാ മയ്യഴിയുടെ മക്കളും വരുന്നത്.സൂര്യനെപ്പോലെ പ്രകാശിക്കുന്ന വെള്ളിയാങ്കല്ലില്‍ ജന്മം കാത്തിരിക്കുന്ന ആത്മാവുകള്‍ തുമ്പികളെപ്പോലെ പരന്നുകളിക്കുന്നു."
 "പൊങ്കാലയായി മണ്ണ്‍ ഒരുങ്ങുമ്പോള്‍ സൂര്യന്റെ
 മംഗളനുഗ്രഹം നാരിക്ക് കൈവരും"
                                                          പൊങ്കാല(മധുസൂദനന്‍ നായര്‍ )
"യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ"    --എവിടെയാണോ സ്ത്രീകള്‍ പൂജിക്കപ്പെടുന്നത് അവിടെയാണ് ദേവതമാര്‍ വസിക്കുന്നത് .ഈ അര്‍ത്ഥത്തില്‍ കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണോ?

Saturday, March 3, 2012

പുരോഹിതന്മാര്‍ ഉയര്‍ത്തിപ്പിടിച്ച ദീപശിഖകളുമായി ക്ഷേത്രങ്ങളില്‍ നിന്നും വെളിയില്‍ വന്നു.മുഴങ്ങുന്ന   ശംഖൊലികള്‍ ബ്രഹ്മകുണ്‍ഡത്തില്‍ മണിനാദം വര്ഷിക്കുകയായി.......
          ഈ ദീപശിഖകളില്‍ നിന്നും ഈ മണിനാദത്തില്‍ നിന്നും രമേസന് മോചനമില്ല..........................................ഒരിക്കലും.
നഗരം സുന്ധരിമാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.എവിടെ നോക്കിയാലും സുന്ദരികള്‍.ഇന്ന് അറ്റകാലില്‍ സൗന്ദര്യം ഇല്ലാത്ത ഒരു പെണ്‍കുട്ടിയെ പോലും എനിക്ക് കാണാന്‍ കഴിഞ്ഞില്ല.അതെ, എല്ലാവരും സുന്ദരികള്‍ ആകട്ടെ.....

Thursday, March 1, 2012

"ഞാനിതാ അവസാനം ഹരിദ്വാരിലെത്തിയിരിക്കുന്നു.ഭംഗിന്റെ മരുഭൂമികളിലും ചരസ്സിന്റെ വനങ്ങളിലും അലഞ്ഞു നടന്നതിനു ശേഷം,സ്ത്രീയില്‍ നീന്തിയതിനു ശേഷം,ഹരിദ്വാരമേ,ഞാനിതാ നിന്റെ സന്നിധിയില്‍ എത്തിയിരിക്കുന്നു.എവിടെയാണ് ഈ യാത്രയുടെ അന്ത്യം?ദക്ഷേശ്വരാ ,പറയൂ ;ഇനിയും എത്ര കാതം ദൂരം ഞാന്‍ അലഞ്ഞുനടക്കണം? "
അവര്‍ പടവുകളിലൂടെ താഴോട്ടിറങ്ങി അഞ്ചാമത്തെ പടവില്‍ ഇരുന്നു.അവിടെ എണ്ണയും പുഷ്പങ്ങളും അഴുകിക്കിടന്നിരുന്നു.ജലം നിറയെ ഒഴുകുന്ന പുഷ്പങ്ങളാണ്.അവര്‍ കൈക്കുമ്പിളില്‍ ഗംഗാജലം കോരിക്കുടിച്ചു.ഭീമസേനന്റെ ശരീരത്തിലെ ഉപ്പിന്റെ രുചിയുള്ള ജലം.
   'നാം ഇന്നുമുതല്‍ പാപത്തില്‍നിന്നു മോചിതരാണ്.'
   'അതിനു നമ്മളെന്തു പാപമാണ് ചെയ്യിതതു രമേശ്‌ ?'
     'ജീവിക്കുന്നു എന്ന പാപം.'

Tuesday, February 28, 2012

         ഇത്തരം സമരമുറകള്‍ മാറേണ്ടതല്ലേ..?
രാജ്യത്തെ സകല ഉല്‍പ്പാദന,വിതരണ,സേവന രംഗങ്ങളെയും നിശ്ചലം ആക്കിക്കൊണ്ട് നടത്തുന്ന സമരപരുപാടികള്‍ ആര്‍ക്കാണ് ദോഷം ചെയ്യുന്നത്.നാട്ടിലെ പാവപ്പെട്ടവരെ എന്നതില്‍ സംശയം ഇല്ല.ഒരു പണിമുടക്ക്‌ ദിവസം രാജ്യത്തിന്‌ സംഭവിക്കുന്ന നഷ്ട്ടം കോടികളുടെതാണ്.
                                 ഒരു ജനാധിപത്യ രാജ്യത്തു പ്രതികരിക്കാനോ സമരം ചെയ്യാനോ ഉള്ള അവകാശത്തെ ആരും ചോദ്യം ചെയ്യുന്നില്ല.കടകള്‍ അടച്ചിട്ടു സമരം ചെയ്യുന്നതിന് പകരം ക്രിയാത്മകമായ സമരമുറകള്‍ നടപ്പിലാക്കണം.അതിനു സകല രാഷ്ട്രീയ പാര്‍ട്ടികളും മുന്ഗണന നല്‍കണം.

Monday, February 20, 2012

ലീല(കഥ)ഉണ്ണി.ആര്‍

ആ കഥ ഇങ്ങനെയായിരുന്നു........
  ബ്രസീലില്‍നിന്ന് പണ്ട് കാപ്പിയുമായി പോയ ഒരു കപ്പലിലെ അടിമ കാപ്പിയുടെ മണം സഹിക്കാനാവാതെ ആരും കാണാതെ അത് അടച്ചുവെച്ചിരുന്ന പെട്ടിതുറന്ന് ഗന്ധമറിഞ്ഞതിനു കപ്പലിന്റെ ക്യാപ്റ്റന്‍ അവന്റെ ശരീരത്തിലെ എല്ലാ ദ്വാരങ്ങളും കാപ്പിപ്പൊടി കൊണ്ട് അടച്ചു.അടിമ മരിച്ചെന്നു ഉറപ്പായ ശേഷം അത് മുഴുവന്‍ എടുത്തു കാപ്പിയുണ്ടാക്കി മറ്റു അടിമകക്ക് കൊടുത്തു.ആദ്യമായി കാപ്പിയുടെ സ്വാദറിയുന്ന സന്തോഷം എല്ലാ അടിമകളുടെയും മുഖത്ത് തെളിഞ്ഞു.എന്നാല്‍ അതില്‍ പ്രായം കുറഞ്ഞ ഒരു അടിമമാത്രം കരഞ്ഞുകൊണ്ടാണ് കാപ്പി കുടിച്ചത്.കാരണം അവന്റെ രുചിയായി ഉള്ളിലേക്ക് ഇറങ്ങിയത്‌ മുഴുവന്‍ അവന്റെ അച്ഛന്റെ മരണത്തിന്റെ സ്വാദായിരുന്നു................

Sunday, February 19, 2012

കുമാരന്‍ വൈശ്യരുടെ വീടിനു മുന്നിലെത്തുമ്പോള്‍ മയ്യഴിയിലെ പുതിയ മാന്ത്രികനായ ശശി മയ്യഴിമണ്ണ്
വാരിനിറമുള്ള മുട്ടായികളാക്കി കുട്ടികള്‍ക്ക് നല്‍കും.
"മയ്യഴി,നിന്റെ കഥ ഇവിടെ തീരുന്നില്ല.
ദാസന്റേയും അല്‍ഫോന്സച്ചന്റെയും കഥ അവസാനിച്ചിരിക്കാം.പക്ഷെ എല്‍സിയുടെയും രോഹിണിയുടെയും ആമിനയുടെയും മക്കളുടെ കഥ തുടങ്ങുന്നെയുള്ളു.ജീവനുണ്ടെങ്കില്‍ ഞാന്‍ വീണ്ടും വരും.നിന്റെ കഥ തുടര്‍ന്ന് ചോല്ലുവാനായി.........."

Friday, February 10, 2012

"ആരും കൊതിക്കുന്നൊരാള്‍ വന്നു 
ചേരുമെന്നാരോ സൊകാര്യം പറഞ്ഞതാകം......."

Tuesday, February 7, 2012

"പ്രതിഫലം തേടാത്ത പ്രേമത്തിനുള്ളിലേ
ഹൃദയനൈര്‍മ്മല്യമുള്ളൂ 
മയങ്ങൂ.........മയങ്ങൂ................................"

Sunday, January 29, 2012

"കുഞ്ഞിന്നു കൊറ്റിനായി മേനി വില്‍ക്കും തെരിവു-
പെണ്ണിനൊരു മറയാണ് ഗാന്ധി 
അളയറ്റ യുവതയ്ക്ക് ബോധം പുകയ്ക്കുവാന്‍ 
തണലുള്ളൊരു ഇടമാണ് ഗാന്ധി 
നീതിക്ക് വിലകൂട്ടി വില്‍ക്കുന്ന സേവന 
ചതികള്‍ക്ക് ഉടുപ്പാണ് ഗാന്ധി 
ഏതു രക്ഷസ്സിനും ദേവതയാകുവാന്‍
ഓതുന്ന പേരാണു ഗാന്ധി 
നിസ്വന്റെ മിഴിയിലെ ദൈന്യമായി 
തീരുന്ന നിസ്സഹായതയാണ്‌ ഗാന്ധി"
                                                           -ഗാന്ധി (മധുസൂദനന്‍ നായര്‍)