Monday, March 19, 2012

ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്നൊ-
രില തന്റെ ചില്ലയോടോതി
ഒരില കൊഴിയാതെയിപ്പോഴും ബാക്കിയെ-
ന്നൊരു ചില്ല കാറ്റിനോടോതി
ഒരു ചില്ല കാറ്റില്‍ കുലുങ്ങാതെ നില്പുണ്ടെ-
ന്നൊരു മരം പക്ഷിയോടോതി
ഒരു മരം വെട്ടാതെയൊരു കോണില്‍ കാണുമെ-
ന്നൊരു കാടു ഭൂമിയോടോതി
ഒരു സൂര്യനിനിയും ബാക്കിയുണ്ടെന്നൊരു
മല സ്വന്തം സൂര്യനോടോതി
ഒരു സൂര്യനിനിയും കെടാതെയുണ്ടെന്നു ഞാന്‍
പടരുന്ന രാത്രിയോടോതി
അതുകേട്ട് ഭൂമിതന്‍ പീഡിതരൊക്കെയും
പുലരിയോടോപ്പമുണര്‍ന്നു
അവരുണര്ന്നപ്പോഴേ പുഴകള്‍ പാടി,വീണ്ടും
തളിരിട്ടു കരുണയും കാടും
പുതുസൂര്യന്‍ മഞ്ഞിന്റെ തംബുരു മീട്ടി, ഹാ,
പുതുതായി വാക്കും മനസ്സും.

ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്നൊ-
രില തന്റെ ചില്ലയോടോതി........

No comments:

Post a Comment