Sunday, March 9, 2014

ഇവിടെ ഇങ്ങനെയും ചില കൂട്ടായ്മകളുണ്ട്; നാം ഇവയെ കാണരുത് കേള്‍ക്കരുത്, അറിയരുത്

മുന്നണി വിടലും കൂടിച്ചേരലുകളും പത്രത്താളുകളെ നിറയ്ക്കുമ്പോള്‍, സരിതയും കസ്തൂരിയും ചാനലുകളില്‍ ചര്‍ച്ചയാകുമ്പോള്‍ ഇതിനൊക്കെ പുറത്ത് അതിജീവനത്തിന്റെയും നിലനില്‍പ്പിന്റെയും ചെറിയ ചലനങ്ങളും ഉണ്ടാകുന്നുണ്ട്. പക്ഷേ ഇവയൊന്നും ഒരു സെക്കന്റ് ഫൂട്ടേജോ, ഒരു കോളം വാര്‍ത്തയോ ആകാതെ തമസ്‌കരിക്കപ്പെടുന്നു. കാണുന്നവര്‍ കാണിച്ച് കൊടുക്കാതെയും, കേള്‍ക്കുന്നവര്‍ പറഞ്ഞു കൊടുക്കാതെയും മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നു. അങ്ങനെ ഇവയെ നാം അറിഞ്ഞും അറിയാതെയും കൈയ്യൊഴിഞ്ഞ് കൊണ്ടേയിരിക്കുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രി പുത്തരിക്കണ്ടം മൈതതാനിയില്‍ നടന്ന ഒരു സ്ത്രീ കൂട്ടായ്മ ഇത്തരത്തില്‍ പൊതുസമൂഹം അറിയാതെ പോവുകയും മാധ്യമ സമൂഹം കണാതെ പോവുകയും ചെയ്ത ഒന്നാണ്. വിശാലമായ പുത്തരിക്കണ്ടം മൈതാനത്ത് നിന്ന് സ്വാതന്ത്യത്തിന്റെ ആകാശത്തെ അവര്‍ കണ്‍കുളിര്‍ക്കെ കണ്ടു. നക്ഷത്രങ്ങളെസാക്ഷിയാക്കി ആ നിമിഷങ്ങളില്‍ ആടിയും പാടിയും അവര്‍ ആഘോഷിച്ചു. തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, പാലക്കാട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ആയിരം ആദിവാസി സ്ത്രീകളാണ് ഈ കൂട്ടായ്മയില്‍ പങ്കെടുത്തത്. കാസര്‍കോട് ആദിവാസി ഊരുകളിലെ വിവാഹചടങ്ങില്‍ അവതരിപ്പിക്കുന്ന മംഗലംകളി, വയനാടിന്റെ നെല്ലുകുത്ത് നൃത്തം, അട്ടപ്പാടിയിലെ ഇരുളനൃത്തം, ഇടുക്കിയിലെ കോമാളിക്കളി, മലപ്പുറത്തിന്റെ ദഫ്മുട്ട് എന്നിങ്ങനെ നിരവധി കലാരൂപങ്ങള്‍ അവര്‍ അവതരിപ്പിച്ചു. കലയിലൂടെ തങ്ങളുടെ ഗോത്രത്തിന്റെ കരുത്തുതെളിയിക്കാന്‍ ആ രാത്രി അവര്‍ക്കായി.
അവ്യക്തമായ ഗോത്രവര്‍ഗ്ഗ ഭാഷയില്‍ അവര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. കേരള മഹിളാ സമഖ്യാ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അന്തര്‍ദ്ദേശീയ വനിതാദിനാഘോഷത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
തങ്ങള്‍ക്ക് അന്യമായ, തങ്ങളെ മാറ്റി നിര്‍ത്തുന്ന രാത്രി സൗന്ദര്യങ്ങളിലേക്കുള്ള സ്ത്രീകളുടെ ഇത്തരം ചെറിയ ചുവട് വെയ്പ്പുകളെ ഇനിയെങ്കിലും നാം കാണണം.


എങ്കിലും: സ്ത്രീ സ്വാതന്ത്യത്തിന്റെ പേരില്‍ ഉറക്കമൊഴിച്ചിരിക്കാന്‍, നൃത്തം ചെയ്യാന്‍, സുരക്ഷാ മതിലുകളില്ലാത്ത മൈതാനത്ത് രാത്രി കിടക്കാന്‍ ആദിവാസി സ്ത്രീകളെ മാത്രമേ കിട്ടുകയുള്ളോ..? സ്ത്രീ സമത്വത്തിനായി പകല്‍ വെളിച്ചത്തില്‍ നൃത്തം ചെയ്യാനും, സെക്രട്ടേറിയേറ്റിന് മുമ്പില്‍ കൂവാനും മാത്രമേ വീടുകള്‍ക്കുള്ളില്‍ സുരക്ഷിതരായ സ്ത്രീ വിമോചന പ്രവര്‍ത്തകര്‍ക്ക് സാധിക്കുകയുള്ളോ...? അതോ പണ്ട് തലസ്ഥാനത്തെ പ്രസിദ്ധയായൊരു ലൈഗിംക തൊഴിലാളിയുടെ പേരിനൊപ്പം ചേര്‍ന്ന പുത്തരിക്കണ്ടം മൈതാനത്ത് രാത്രി ഇരിക്കാന്‍ ഇവരുടെ സ്റ്റാറ്റസ് അനുവദിക്കുന്നില്ലേ....?


Sunday, February 17, 2013

മൂവായിരത്തോളം  കൊല്ലം പഴക്കമുള്ള പുരുഷാധിപത്യ സമൂഹത്തിന്റെ കാവല്‍ നായ്ക്കള്‍ (പേപ്പട്ടികള്‍ ) വീണ്ടും കുരക്കുന്നു. ഓര്‍ക്കുക നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു........

Friday, February 15, 2013

കഴിഞ്ഞ വര്ഷം ഇതേ ദിവസമാണ് എന്റെ കൂട്ടുകാര്‍ക്കൊപ്പം മയ്യഴിയിലേക്ക് പോയത്. ദാസന്റെയും ചന്ദ്രിയുടെയും മയ്യഴി. അല്‍ഫോണ്സ് അച്ഛന്റെയും എല്‍സയുടെയും ശിവന്റെയും ശശിയുടെയും മയ്യഴി. ആ യാത്രയില്‍ എന്റെ പ്രിയപ്പെട്ടവളുടെ ഒരു തുള്ളി കണ്ണീരുമുണ്ടായിരുന്നു. വെള്ളിയാങ്കല്ല് പോലെ പവിത്രമായ ഒരു തുള്ളി കണ്ണീര്‍.....

Thursday, February 14, 2013

 പ്രകൃതിയുടെ പ്രണയം....... ഇതൊരു വള്ളിച്ചെടിയിലെ വിത്താണ് . കറുത്ത പ്രതലത്തില്‍ വെളുത്ത ഹൃദയം. ഈ ചെടിയില്‍ ഒരു കൂട്ടിനുള്ളിലാണ്‌ വിത്തുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ആരെയും കാണിക്കാതെ, പവിത്രമായി പ്രകൃതി  ഈ ഹൃദയങ്ങള്‍ കാത്തു സൂക്ഷിക്കുന്നു. കഴിഞ്ഞ വര്ഷം ഇതായിരുന്നു എന്റെ പ്രണയ സമ്മാനം.......പ്രണയം ഹൃദയത്തിലുള്ള എല്ലാവര്ക്കും എന്റെ പ്രണ യദിനാശംസകള്‍ .......... 

Sunday, February 10, 2013

         
ഭിക്ഷക്കരാ തകരപ്പാട്ടയില്‍ എന്താ?
കറുത്ത കല്ലും വെളുത്ത കല്ലും
കരുപ്പെന്താ? വെളുപ്പെന്താ ?
സൂര്യകാന്തം, ചന്ദ്രകാന്തം
മരിക്കാതിരിക്കാന്‍ ഏതു കല്ലെടുക്കണം?
കറുത്ത കല്ലെടുത്താല്‍ സൂര്യനെക്കണ്ട് മരിക്കാം
വെളുത്ത കല്ലെടുത്താല്‍ ചന്ദ്രനെക്കണ്ടു മരിക്കാം
ഭിക്ഷക്കരാ... ഭിക്ഷക്കരാ.....എനിക്കൊരു
നിറമില്ലാത്ത കല്ല്‌ താ.......( കവിത -കല്ലുകളുടെ നിറം )
                                                                                                                                                                                         
നിറമില്ലാത്ത കല്ലുകളുടെ ലോകത്തേക്ക് യാത്ര പോയ പ്രിയ കവിക്ക്‌ ആദരാഞ്ജലികള്‍ ..........

Saturday, January 26, 2013

ഇന്ത്യയെന്ന പരമാധികാര രാജ്യത്ത് ഒരു അധികാരവും അവകാശവും ഇല്ലാത്തവര്‍ക്കായി എന്റെ റിപ്പബ്ലിക് ദിനാശംസകള്‍.......... 

Sunday, October 28, 2012

ഓഫീസിന് പുറത്ത് മഴ തകർത്ത് പെയ്യുകയാണ്. തുള്ളിക്കൊരു കുടം കണക്കെ തുലാമഴ മണ്ണിലേയ്ക്ക് പെയ്തിറങ്ങുന്നു. ഓരോ മഴനാരുകളും ഭൂമിയുടെ ഹൃദയത്തെ തണുപ്പിക്കാനായി ആഴത്തിൽ വേരിറക്കുന്നു. കൂടെ എന്റെ ഹൃദയവും തണുക്കുകയാണ്. കുട്ടിക്കാലത്ത് ആലിപ്പഴം പെറുക്കാൻ മുറ്റത്തിറങ്ങിയതിന് അമ്മ അടിച്ചതും കോളേജിൽ കൂട്ടുകാരൊത്ത് മഴ നനഞ്ഞ് നടന്നതും ഓർമ്മ വരുന്നു. മഴയൊരു കാഴ്ചയാണ്, വികാരമാണ്, അനുഭൂതിയാണ്. അത് അനുഭവിക്കണം. എല്ലാവർക്കും നല്ലൊരു മഴരാത്രി നേരുന്നു..........